ഇല്ലത്ത് ആദ്യമായി ട്രാൻസിസ്റ്റർ റേഡിയോ വന്നത് നല്ല ഓർമ്മയുണ്ട്. ബോമ്പേലെ ഏട്ടൻ റേഡിയോ വാങ്ങി ചക്രപാണി പിഷാരടി വശം കൊടുത്തയച്ചതാണെന്നാണ് ഓർമ്മ. അദ്ദേഹം അത് കണ്ണമ്പ്ര നായർ വീട്ടിൽ എത്തിച്ചു. സ്ഥാനികളായ കണ്ണമ്പ്ര നായർ വീട്ടിൽ മാനേജരായിരുന്നു ഷാരോടി. ചെറിയേട്ടൻ റേഡിയോ കൊണ്ടു വരാനായി കണ്ണമ്പ്രക്കു പോയി. എത്തിപ്പെടാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലം.
അന്ന് സന്ധ്യയോടെ റേഡിയോവും കൊണ്ട് ചെറിയേട്ടൻ എത്തി. പിന്നീടുള്ള വർഷങ്ങളിൽ ഞങ്ങളുടെ ജീവിതത്തിൽ റേഡിയോയ്ക്ക് വലിയൊരു സ്ഥാനമുണ്ടായിരുന്നു. റേഡിയോയ്ക്കു ചുറ്റുമിരുന്ന് ചലച്ചിത്രഗാനങ്ങൾ, വാർത്തകൾ, നാടകങ്ങൾ, റേഡിയോ സിലോൺ പരിപാടികൾ ഇതൊക്കെ എല്ലാവരും ചേർന്ന് ആസ്വദിച്ചിരുന്ന കാലം. അച്ഛനെ സംബന്ധിച്ചിടത്തോളം സർവീസിൽ നിന്ന് പിരിഞ്ഞതിൽ പിന്നെ ദിനചര്യകൾ ഏറെക്കുറെ റേഡിയോവിലെ വാർത്താ പ്രക്ഷേപണങ്ങളുമായി ഒത്തുചേർന്നാണ് പോയിരുന്നത്.