Categories
News & Media

സൗഹൃദങ്ങള്‍ക്ക് പ്രായമാകുന്നില്ല; പരസ്പരം താങ്ങായി ഈ ഡോക്ടര്‍മാര്‍

കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാണ്ട് 28 കിലോമീറ്റര്‍ കുറ്റ്യാടി സംസ്ഥാനപാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ നടുവണ്ണൂര്‍ മെട്രോ ഹോസ്പിറ്റല്‍ കാണാം. 
ഏതു നഗരത്തിലും ജോലിചെയ്യാനും ജീവിക്കാനും ആവശ്യമായ സകല ഭൗതികസൗകര്യങ്ങളുമുണ്ടായിരുന്നിട്ടും യൂസഫ് ഡോക്ടറും ശങ്കരന്‍ ഡോക്ടറും അരനൂറ്റാണ്ടായി ഈ ഗ്രാമത്തോട് ചേര്‍ന്നുനില്‍ക്കുന്നു. 
അഞ്ചുതലമുറയെ ചികിത്സിച്ച പരിചയമാണ് ഇവരെ ഡോക്ടര്‍-രോഗി ബന്ധത്തിനപ്പുറമാക്കുന്നത്. 

‘ദാ, മൂന്നുമാസം കൂടി കഴിഞ്ഞാല്‍ അന്‍പതു വര്‍ഷമായി ഈ ആശുപത്രി തുടങ്ങിയിട്ട്. ഞങ്ങളതിനും അഞ്ചു വര്‍ഷം മുമ്പ് കൂട്ടുകാരായി…’

പലവഴിക്ക് വന്നവര്‍ കൂട്ടായപ്പോള്‍

പാലക്കാട് ജില്ലയിലെ തൃത്താല മുടവന്നൂര്‍ അരിക്കത്ത് ഇല്ലത്ത് രാമന്‍ നമ്പൂതിരിയുടെയും ഉമാദേവിയുടെയും മകന്‍ എ.എം. ശങ്കരന്‍ നമ്പൂതിരി കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിങ് കോളേജില്‍ അഡ്മിഷന് തയ്യാറായി പുറപ്പെട്ടിറങ്ങുമ്പോഴായിരുന്നു അച്ഛന്‍ അന്നത്തെ പത്രം മറിച്ചുനോക്കിയത്. അതില്‍ ശങ്കരനെ മെഡിസിന് സെലക്ട് ചെയ്തതായി കണ്ടു. ‘നിനക്ക് മെഡിസിന് കിട്ടീട്ട്ണ്ട്… അതുപോരെ, അതാവും ഭേദം’ എന്ന് അധ്യാപകനായ അച്ഛന്‍ അഭിപ്രായപ്പെട്ടു… ‘മതി’ എന്നു ഞാനും. ‘അന്നൊക്കെ എന്‍ട്രന്‍സ് കോച്ചിങ്ങോ പ്രവേശനപരീക്ഷയോ ഒന്നുംതന്നെയില്ല. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സെലക്ഷന്‍ കിട്ടും അത്ര തന്നെ… ഒരു നിയോഗംപോലെ. മെഡിസിനോട് അത്രയൊന്നും പ്രതിപത്തിയില്ലാതെ മെഡിസിന്‍ തിരഞ്ഞെടുത്ത് കോഴിക്കോട്ടേക്ക്.’ ഡോ. എ.എം. ശങ്കരന്‍ നമ്പൂതിരിയുടെ വാക്കുകള്‍. 

അപ്പോഴേയ്ക്കും വള്ളുവനാട്ടിലെ കരിമ്പയില്‍ കരിമ്പനയ്ക്കല്‍ വീട്ടിലെ മുഹമ്മദുകുട്ടി റാവുത്തരുടെയും സൈനബ ഉമ്മയുടെയും മകന്‍ കെ. യൂസഫ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു വര്‍ഷം പിന്നിട്ടിരുന്നു. അവിടെത്തുടങ്ങുന്നു ഈ ബന്ധം. കോളേജിലെയും ഹോസ്റ്റലിലെയും ഒന്നിച്ചുള്ള ജിവിതവും ഒരേ അഭിരുചികളും രണ്ടുപേരെയും വേഗം സുഹൃത്തുക്കളാക്കി. 

‘അക്കാലത്ത് ടെലിവിഷനില്ല… ഫുട്ബോളിലും സംഗീതത്തിലും ഞങ്ങള്‍ക്ക് വല്യ താല്പര്യായിരുന്നു. കളി കേള്‍ക്കല്‍ മാത്രമാണ് ഒരേയൊരു പോംവഴി. അന്നത്തെ കമന്ററി എന്നു പറഞ്ഞാല്‍ കളി നേരിട്ട് കാണുന്ന അനുഭവമാണ്… 1966ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലെ വെസ്റ്റ് ജര്‍മ്മനിയും ഇംഗ്ലണ്ടും തമ്മിലുള്ള വാശിയേറിയ കളിയുടെ കമന്ററി ശ്വാസമടക്കിപ്പിടിച്ചാണ് ഞങ്ങള്‍ കേട്ടത്.  ഇപ്പഴും അവസാനിക്കാത്ത വിവാദത്തില്‍ അന്ന് ഇംഗ്ലണ്ട് വിജയികളായി. അത്രയ്ക്കും ഗംഭീരായിരുന്നല്ലോ ആ കളികളെല്ലാം. യൂസേബിയോ ആയിരുന്നു അന്ന് ടോപ്പ് സ്‌കോററായത്… ഇതു പറയുമ്പോള്‍ അന്നത്തെ ആവേശം ഇരുവരുടെയും മുഖത്ത്. അതുപോലെതന്നെ നാഗ്ജി കപ്പ്, നെഹ്റുകപ്പ് എന്നിവയ്ക്കൊക്കെ എല്ലാ കൊല്ലവും ഗ്യാലറിക്ക് സീസണ്‍ ടിക്കറ്റെടുത്ത് എല്ലാ കളികളും ഞങ്ങള്‍ കാണും. നെഹ്റുകപ്പില്‍ അന്നൊക്കെ ബള്‍ഗേറിയയെപ്പോലുള്ള ടീമുകളായിരുന്നു കളിച്ചിരുന്നത്. കൊച്ചിവരെ പോയിട്ടുണ്ട് അന്ന് ഫെഡറേഷന്‍ കപ്പ് കാണാന്‍. പിന്നെ സംഗീതം. ഹിന്ദി, മലയാളം പാട്ടുകളായിരുന്നു രണ്ടുപേര്‍ക്കും പ്രിയം. പഠനത്തിന്റെ ഇടവേളകളിലും ഹോസ്റ്റലിലും യാത്രകളിലും ഞങ്ങളില്‍ ഫുട്ബോളും സംഗീതവും നിറഞ്ഞു. മറ്റു കൂട്ടുകാര്‍ക്കിടയിലും ഈ ഇഷ്ടങ്ങളായിരിക്കാം ഞങ്ങളെ ഒന്നിപ്പിച്ചത്… ഫുട്ബോള്‍ കാണാനും കേള്‍ക്കാനും മാത്രമല്ല കളിയ്ക്കാനും ഒന്നിച്ചായിരുന്നു പോയിക്കൊണ്ടിരുന്നത്, ഏതാണ്ടെല്ലാകാര്യത്തിലും ഞങ്ങളുടെ ഇഷ്ടങ്ങള്‍ ഒന്നായിരുന്നു. രണ്ടുപേരും ചിരിക്കുന്നു. ‘എന്നോട് ഒരു ജ്യേഷ്ഠസഹോദരനോടുള്ള ആദരവുകൂടിയുണ്ടായിരുന്നോ ശങ്കരന്‍ ഡോക്ടര്‍ക്ക് എന്നാണ് എനിക്ക് തോന്നിയത്.’ യൂസഫ് ഡോക്ടര്‍ പറഞ്ഞു.

With doctor CK Ramachandran

പഠനശേഷവും തുടര്‍ന്ന സൗഹൃദം

‘1970 മാര്‍ച്ച് മാസത്തില്‍ ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് പുറത്തിറങ്ങി. എത്രയും പെട്ടെന്നൊരു ജോലി എന്നത് ഒരു വെല്ലുവിളിയായി. ആറു മക്കളെ പഠിപ്പിക്കാനുള്ള അച്ഛനെ സഹായിക്കുക എന്നത് ആ കാലത്ത് ഒരത്യാവശ്യം കൂടിയായിരുന്നു.’ ശങ്കരന്‍ ഡോക്ടര്‍ പറഞ്ഞു. അപ്പോഴേയ്ക്കും എം.ബി.ബി.എസ്സിനുണ്ടായിരുന്ന ബോണ്ട് സംവിധാനം സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ആശുപത്രികള്‍ കുറവായതിനാല്‍ പഠിച്ചിറങ്ങുന്നവര്‍ക്കൊക്കെ ജോലി കൊടുക്കാന്‍ സര്‍ക്കാരിന് കഴിയാതായതിനാലാണ് ഇങ്ങനെ ഒരു തീരുമാനമുണ്ടായത്. അതുകൊണ്ട് ജോലി സ്വയം കണ്ടുപിടിക്കേണ്ടതായി വന്നു. മറ്റ് ഹോസ്പിറ്റലില്‍ ജോലി നേടുകയെന്നത് വേണ്ട എന്ന് ഇരുവരും തീരുമാനിച്ചു. സ്വന്തമായി പ്രാക്ടീസ് ആരംഭിയ്ക്കാനുള്ള ശ്രമമായി. പല സ്ഥലങ്ങളും അന്വേഷിച്ചു. പല കാരണങ്ങളാല്‍ മുടങ്ങി. അങ്ങനെ വീണ്ടും അന്വേഷിച്ചെത്തിയത് ഈ മണ്ണില്‍. ഇവിടെയുള്ള ഒരേയൊരു കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നടുവണ്ണൂര്‍ റീജ്യണല്‍ കോ ഓപ്പറേറ്റീവ് ബാങ്ക്. താഴെയുള്ള കെട്ടിടത്തില്‍ ഇടയ്ക്ക് പ്രാക്ടീസ് ചെയ്തിരുന്ന തിരുവിതാംകൂറുകാരനായ ഒരു ഡോ. പിള്ള പ്രാക്ടീസ് അവസാനിപ്പിച്ച് പോകുന്നതായി അറിഞ്ഞു. ഗുരുനാഥനായിരുന്ന ഡോ. സി.കെ. രാമചന്ദ്രനുമായി ബന്ധപ്പെട്ടു. അദ്ദേഹം പ്രോത്സാഹിപ്പിച്ചു. മാത്രമല്ല സ്ഥലത്തെ പ്രധാനിയായ സി. കുഞ്ഞിരാമന്‍ വൈദ്യര്‍ക്ക് ഒരു കത്തും നല്‍കി ഞങ്ങളെ യാത്രയാക്കി. പിന്നീട് കാര്യങ്ങളെല്ലാം വേഗത്തിലായി. അങ്ങനെ ഏപ്രില്‍ 9ന് ഇവിടെ നടുവണ്ണൂര്‍ റീജ്യണല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ താഴത്തെ നിലയില്‍ ക്ലിനിക്ക് ആരംഭിച്ചു. ഡോ. സി.കെ. രാമചന്ദ്രന്‍ ക്ലിനിക് ഉദ്ഘാടനം ചെയ്തു. താമസം അടുത്തുതന്നെയുള്ള റേഷന്‍കടയുടെ അടുത്ത മുറിയില്‍… ചികിത്സ കഴിഞ്ഞുള്ള സമയങ്ങളില്‍ സംഗീതവും ഫുട്ബോളും.

രണ്ടു രൂപ ഫീസില്‍ തുടക്കം

എഴുപതുകളിലെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേതുപോലെ ഇവിടെയും മോഡേണ്‍ മെഡിസിനോ ഡോക്ടര്‍മാരോ അന്നില്ലായിരുന്നു. പി.എച്ച്.സി.കളില്ല. ശ്വാസംമുട്ടിനും പനിയ്ക്കും ഛര്‍ദിയ്ക്കും മുറിവ് വെച്ചുകെട്ടാനും… എന്തിനും അതുവരെ ദൂരെയുള്ള ചുരുക്കം ചില ഡോക്ടര്‍മാരുടെ സേവനമൊഴിച്ചാല്‍ കമ്പോണ്ടര്‍മാരുടെ ചികിത്സയായിരുന്നു ലഭിച്ചിരുന്നത്. പിന്നെയുണ്ടായിരുന്നത് ഒരു എല്‍.ഐ.എം. ഡോക്ടറായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഡോക്ടര്‍മാരുടെ ക്ഷാമം തീര്‍ക്കാനും ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ബ്രിട്ടീഷ് ഗവണ്മെന്റിന്റെ തീരുമാനപ്രകാരമായിരുന്നു ലൈസന്‍ഷ്യേറ്റ് ഇന്‍ മെഡിക്കല്‍ പ്രാക്ടീസ് എന്ന എല്‍.ഐ.എം. ആരംഭിച്ചത്. അവിടേയ്ക്കാണ് രണ്ട് യുവഡോക്ടര്‍മാരുടെ കടന്നുവരവ്. 

രാപകല്‍ ഭേദമില്ലാതെ സേവനം

അധികം സാമ്പത്തികച്ചിലവുള്ള ചികിത്സ നടത്താന്‍ കഴിയാത്ത കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമായിരുന്നു നാട്ടുകാര്‍. രണ്ടു രൂപയായിരുന്നു ആദ്യത്തെ ഫീസ്. അത് പിന്നീട് അഞ്ച്… പത്ത്… പതിനഞ്ച് എന്നിങ്ങനെയായി…. അക്കാലങ്ങളില്‍ നടവഴിപോലുമില്ലാതെ വീടുകളില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പ്രസവമെടുക്കാനും മറ്റ് അത്യാവശ്യചികിത്സകള്‍ക്കുമായി ശങ്കരന്‍ ഡോക്ടറും യൂസഫ് ഡോക്ടറും ചെന്നെത്തി. ‘കുടുംബാസൂത്രണം വരുന്നതിനു മുമ്പുള്ള കാലങ്ങളില്‍ അഞ്ചും ആറും വരെ പ്രസവിച്ചവരുടെ കോംപ്ലിക്കേറ്റഡ് ആയ ഡെലിവറി കേസുകള്‍, സഹായത്തിന് നഴ്സുപോലുമില്ലാതെ റാന്തലിന്റെ മങ്ങിയ വെളിച്ചത്തില്‍ ചെയ്ത കാര്യമൊക്കെ ഇന്നോര്‍ക്കാനേ പറ്റില്ല്യ.’- ഇവരുടെ വാക്കുകളില്‍ പിന്നിട്ട കാലത്തിന്റെ കാഠിന്യം. അന്നും ഇന്നും ഞങ്ങളെ മുന്നോട്ടു നയിച്ചത് ഈ പരസ്പരവിശ്വാസമാണ്. നാട്ടുകാരുടെ സ്നേഹവും സഹകരണവും വളരെയേറെയായിരുന്നു. 
1974 ല്‍ ക്ലിനിക്കിനോട് ചേര്‍ന്ന സ്ഥലം വാങ്ങി കുറച്ചുകൂടി സൗകര്യങ്ങളാക്കി. ലബോറട്ടറി ആരംഭിച്ചു. സഹായിയായി കൃഷ്ണനും മോളി സിസ്റ്ററുമെത്തി. അരനൂറ്റാണ്ടിനടുത്തായി, ഇന്നും ഇവിടെ ഇരുവരും കൂടെയുണ്ട്.

ഒപ്പം നിന്ന് കുടുംബവും

ഡോ. യൂസഫിന്റെ ജീവിതസഖിയായെത്തിയത് ശങ്കരന്‍ ഡോക്ടറുടെ നാടായ തൃത്താലയ്ക്കടുത്തുള്ള കൂറ്റനാട് തെക്കെവളപ്പില്‍ ഫാത്തിമ കുഞ്ഞുമോളാണ്. ശങ്കരന്‍ നമ്പൂതിരി വിവാഹം കഴിച്ചത് കോട്ടയം കാരാപ്പുഴ മേക്കാട്ട് ഇല്ലത്തെ ശ്രീദേവിയെയും ‘വിവാഹശേഷം ഞങ്ങളുടെ സൗഹൃദങ്ങളിലേക്ക് രണ്ടു പേര്‍ കൂടുതല്‍ വന്നു. അത്രതന്നെ… ഇപ്പാള്‍ ഞങ്ങളെല്ലാവരും കൂടി ഒരു കുടുംബം.’- ഡോ. യൂസഫ് പറഞ്ഞു. 

ഇരുവര്‍ക്കും രണ്ടു മക്കള്‍. ശങ്കരന്‍ ഡോക്ടറുടെ മകന്‍ പ്രവീണ്‍രാജ് വിദേശത്ത് സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍. മരുമകള്‍ ഡോ. ദിവ്യ. മകള്‍ പ്രീതിയും മരുമകന്‍ ഡോ. ഷിബുവും ഡെന്റല്‍ സര്‍ജന്മാര്‍. 

യൂസഫ് ഡോക്ടറുടെ മകന്‍ സത്യജിത് യു.എസ്സില്‍ എഞ്ചിനീയര്‍ മരുമകള്‍ ഡോ. നീന ഹംസ. മകള്‍ റോഷ്നി ഡെര്‍മറ്റോളജിസ്റ്റാണ്. മരുമകന്‍ ഷഫീഖ് മാട്ടുമ്മല്‍ കാര്‍ഡിയോളജിസ്റ്റും. 

സഹോദരിയുടെ മകന്റെ വിവാഹത്തിന് കുറച്ചുദൂരെയായിരുന്നിട്ടും യൂസഫ് ഡോക്ടര്‍ എത്തിയത് ശങ്കരന്‍ ഡോക്ടര്‍ ഓര്‍മ്മിക്കുന്നു; നമ്പൂതിരി സമുദായത്തില്‍ വിവാഹത്തോടനുബന്ധിച്ച് നിരവധി ചടങ്ങുകളുണ്ട്. അതില്‍, വരന്‍ മുതിര്‍ന്നവരുടെ അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങുന്ന ചടങ്ങ് വളരെ പ്രധാനമാണ്. ഈ ചടങ്ങ് ആരംഭിച്ചപ്പോള്‍, തിരക്കിനിടയിലും എന്റെ സഹോദരി യൂസഫ് ഡോക്ടറെ തേടിപ്പിടിച്ച് കൂട്ടിക്കൊണ്ടുവന്ന് മകന് ആശിര്‍വാദം നല്‍കിച്ചു. അവന്‍ ഡോക്ടറുടെ കാലുതൊട്ട് നമസ്‌കരിച്ചപ്പോള്‍ ഡോക്ടര്‍ അവന്റെ മൂര്‍ദ്ധാവില്‍ കൈവെച്ച് അനുഗ്രഹിച്ചു. -ശങ്കരന്‍ ഡോക്ടര്‍ ഓര്‍മ്മിക്കുന്നു.

മതം മനുഷ്യനെ നല്ല വഴിയ്ക്ക് നടത്താനുള്ളത് മാത്രമാണെന്നാണ് ഇവരുടെ വിശ്വാസം. അതിന് ഒരിക്കലും ജീവിതത്തില്‍ അമിതപ്രാധാന്യം നല്‍കരുതെന്നും ഇരുവരും പറയുന്നു. 
സങ്കുചിതമായ താല്പര്യങ്ങളില്ലാത്ത വിശ്വാസം; അതാണ് ഞങ്ങളുടേത്. യൂസഫ് ഡോക്ടറുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങള്‍ ‘ജനുവിന്‍’ആണ്.

പരസ്പരമുള്ള കരുതല്‍

ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം സാന്ത്വനവും പരിചരണവുമായി ചേര്‍ന്നുനിന്നു രണ്ടുപേരും. ഒരിക്കല്‍ ശങ്കരന്‍ ഡോക്ടര്‍ക്ക് ഗുരുതരമായ അസുഖം വന്നപ്പോള്‍ ചികിത്സയ്ക്കായി മുംബൈയിലെ ഹോസ്പറ്റലില്‍ എത്തിച്ച് മികച്ച ചികിത്സ നല്‍കിയതും അത്രയും ദിവസം കൂട്ടുനിന്നതും യൂസഫ് ഡോക്ടറായിരുന്നു. 1980 ലായിരുന്നു അത്. അന്ന് രണ്ടുപേരും ജോലിയില്‍ നിന്ന് അവധിയെടുത്ത് മൂന്നുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിങ്ങിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ പരീക്ഷയെഴുതാനും കഴിഞ്ഞില്ല. യൂസഫ് ഡോക്ടര്‍ക്കും ഉണ്ടായിരുന്നു ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ശ്രദ്ധ വേണ്ടിവന്ന ഒരു ഘട്ടം. അപ്പോഴെല്ലാം സ്വന്തം സഹോദരനെപ്പോലെ കൂടെപ്പോയതും ശങ്കരന്‍ ഡോക്ടറായിരുന്നു. മക്കളുടെ വിദ്യാഭ്യാസകാര്യത്തിലും വിവാഹകാര്യത്തിലുമൊക്കെ പരസ്പരമുള്ള കരുതല്‍ ഇരുവരുടെയും സൗഹൃദം കൂടുതല്‍ കരുത്തുറ്റതാക്കി. 
നടുവണ്ണൂര്‍ മെട്രോ ഹോസപിറ്റല്‍ ഇന്നും ഈ സൗഹൃദത്തിന്റെ ശീതളച്ഛായയിലാണ്. ആതുരശുശ്രൂഷയില്‍ മാത്രമല്ല നാടിന്റെ ഏത് ആവശ്യത്തിനും ഇവരൊപ്പമുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുക എന്ന ലക്ഷ്യവുമായി ഒരു സ്പെഷ്യല്‍ ക്ലിനിക്കും സൗജന്യമായി നടത്തുന്നുണ്ട്. ആശുപത്രിയുടെ സമീപപ്രദേശത്തുതന്നെ വീടുവെച്ചായിരുന്നു ഡോ. യൂസഫ് താമസിച്ചത്. ആ വീട് പിന്നീട് ശങ്കരന്‍ ഡോക്ടര്‍ക്ക് കൈമാറി. യൂസഫ് ഡോക്ടര്‍ മക്കളുടെ വിദ്യാഭ്യാസകാലത്ത് കുറച്ചുകൂടി നഗരത്തിനടുത്തേക്ക് താമസം മാറി. 

രാവിലെ മുതല്‍ രണ്ടുപേരും ആശുപത്രി തിരക്കുകളിലാണ്. റൗണ്ട്സ് കഴിഞ്ഞ് ഒ.പി.യിലെത്തുമ്പോള്‍ പത്തുമണി കഴിയും. പിന്നീട് മൂന്നുമണിവരെയുള്ള പരിശോധനകള്‍. അതിനിടയില്‍ അല്പസമയം ചായയ്ക്കും കുശലം പറച്ചിലിനും വേണ്ടി രണ്ടുപേരും ഒരു മുറിയില്‍ ഒത്തുചേരും. ഒ.പി. സമയം കഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലേക്ക്. അവിടെയും തേടിയെത്തുന്നവര്‍ക്കായി ബാക്കിസമയം… 

sujihtulliyerimbi@gmail.com

https://www.mathrubhumi.com/health/features/two-doctor-s-friendship-story-1.4710977

Leave a Reply

Your email address will not be published. Required fields are marked *